മരണം ഡാ

എന്നെങ്കിലും എല്ലാവരെയും കടിക്കും എന്ന് ഉറപ്പുള്ള ഒരു നായയെ എല്ലാവരും പേടിയോടെ അകറ്റി നിർത്തും .
അതിനു പകരം , അതിന്റെ അടുത്ത് പോയി സ്വഭാവങ്ങൾ പഠിക്കുകയാണെങ്കിൽ , ആരെ , എപ്പോൾ , എന്തു കാരണം കൊണ്ട് ...ആണ് അത് കടിക്കുക ..എന്നൊക്കെ അറിഞ്ഞാൽ ....യാദൃശ്ചികമായുള്ള അതിന്റെ കടി ഒഴിവാക്കാൻ കഴിയുമല്ലോ ....SO, ഒന്ന് TRY ചെയ്യുകയാണ് ...

...മരണമെന്ന പേ നായയെ മെരുക്കാൻ കഴിയോ എന്ന് നോക്കട്ടെ .... JST FOR HORRORRR..(..രാജ ഡാ ...)...

3.9.21

സ്വന്തം മരണത്തെ

 

സ്വന്തം മരണത്തെ എപ്പോഴെങ്കിലും മുഖാമുഖം കണ്ടിട്ടുണ്ടോ? ഞാൻ കണ്ടിട്ടുണ്ട്.മോനെ പ്രസവിച്ച് രണ്ടോ മൂന്നോ മാസം കഴിയുന്നതിന് മുൻപ് ആണ് ആദ്യമായി അത്തരത്തിൽ ഒരു അനുഭവം ഉണ്ടാകുന്നത്. തൊണ്ടയിൽ ചെറിയ വീക്കം ഉണ്ടായിരുന്നു. സംസാരിക്കാൻ പറ്റുന്നില്ല. സംസാരിക്കാൻ ശ്രമിച്ചപ്പോൾ ഒന്ന് ചുമച്ചു. പിന്നെ എനിക്ക് ശ്വസിക്കാൻ കഴിയുന്നില്ല. മുകളിലേക്ക് ശ്വാസം എടുക്കുമ്പോൾ എന്തോ തടസ്സം. അന്ന് ഏട്ടൻ നാട്ടിലുണ്ട്. ഉടനെ തന്നെ ബൈക്കിൽ 14 km ദൂരമുള്ള mission ഹോസ്പിറ്റലിലേക്ക് തിരിച്ചു. വഴിയിൽ വച്ച് ഋഷിയെ നോക്കണേ… ഏട്ടാ. ചിലപ്പോൾ എനിക്കിനി അവനെ കാണാൻ പറ്റില്ല എന്ന് ഞാൻ കരഞ്ഞു പറഞ്ഞു. ഏട്ടൻ അത് കേട്ട് എന്നെ വഴക്ക് പറഞ്ഞു. ഇരുപത് മിനിറ്റ് ആകുമ്പോഴേക്കും ഹോസ്പിറ്റലിൽ എത്തി. ഓക്സിജൻ ഒക്കെ തന്ന് അവിടെ നിന്ന് ഒരു ഇൻജെക്ഷൻ എടുത്തു. സാധാരണ allergy വരാറുണ്ട് അത് പക്ഷെ ശ്വാസം എടുക്കാൻ പ്രയാസം ഉള്ള പോലെ ഒന്നും അതേ വരെ ഉണ്ടായിട്ടില്ല. സംഗതി ഇത്തിരി ഗുരുതരം ആണെന്ന് തോന്നീട്ടാവണം എന്നെ വേഗം കോട്ടക്കൽ അൽമാസിലേക്ക് കൊണ്ടു പോകാൻ പറഞ്ഞു. അപ്പഴേക്കും എന്റെ കണ്ണിൽ ഇരുട്ട് കയറിയിരുന്നു. കുറച്ച് സമയം കഴിയുമ്പോഴേക്കും സുഖകരമായ ഒരു മയക്കം എന്നെ പൊതിഞ്ഞു. അപ്പൊ എനിക്ക് ശ്വസിക്കാൻ പ്രയാസമേയില്ല. പിന്നെ കട്ടപിടിച്ച ആ ഇരുട്ട് മെല്ലെ കണ്ണു തുളച്ചു കയറുന്ന ഒരു വെളിച്ചമായി മാറാൻ തുടങ്ങി. എനിക്ക് അപ്പൊ എല്ലാരേം വ്യക്തമായി കാണാമായിരുന്നു.. അച്ഛൻ, അമ്മ, അനിയത്തിമാർ.. മോൻ ഏട്ടൻ അങ്ങനെ എല്ലാരേം. കൂടാതെ വഴക്കിട്ടതും കരഞ്ഞതും സന്തോഷിച്ചതുമായ നിമിഷങ്ങൾ എല്ലാം ഞാൻ കാണുന്നുണ്ട്. കണ്ണു തുളക്കുന്ന വെളിച്ചം കാഴ്ചകൾ മറക്കാൻ തുടങ്ങിയ നേരത്ത് ശക്തിയായി ആരോ എന്നെ പേരെടുത്തു വിളിച്ചു.ആദ്യം മെല്ലെ.. പിന്നെ ഉച്ചത്തിൽ കവിളിൽ തട്ടി വിളിച്ചു.മെല്ലെ ഞാൻ കണ്ണുകൾ തുറന്നു. അന്നേരം മരുന്നുകളുടെ രൂക്ഷമായ ഗന്ധം എനിക്ക് അനുഭവപ്പെട്ടു. ഞാൻ കിടക്കുന്നതിനരികിൽ കുറേപേര് ഉണ്ട് കൂടെ ഒരു ലേഡി ഡോക്ടർ ഉണ്ട്. അവരാണ് എന്നെ പേരെടുത്ത് വിളിച്ചത്. Dr അനിത.. ഇപ്പൊ ശ്വാസം എടുക്കാൻ പറ്റുന്നോ എന്ന് അവരെന്നോട് ചോദിച്ചു. ഉണ്ടെന്ന് ഞാൻ തലയാട്ടി. കുറേ സമയത്തിന് ശേഷം അവരെന്നെ റൂമിലേക്ക് മാറ്റി. അവിടെ അമ്മയും ഏട്ടനും ഉണ്ടായിരുന്നു. അൽമാസിൽ അന്ന് ഇ എൻ ടി സ്‌പെഷ്യലിസ്റ്റ് ഉണ്ടായിരുന്നില്ലെന്നും. പെട്ടന്ന് മിംസിൽ കൊണ്ടു പോകാൻ ഹോസ്പിറ്റലിൽ നിന്ന് പറഞ്ഞെന്നും. അവിടെ എത്തുമ്പോഴേക്കും എന്റെ കാലുകളിൽ നിന്ന് മുകളിലേക്ക് തണുപ്പു വ്യാപിച്ചു തുടങ്ങിയിരുന്നെന്നും അവർ പറയുന്നത് കേട്ട് മിഴിച്ചിരിക്കാനെ അന്നേരം എനിക്ക് കഴിഞ്ഞുള്ളൂ……
-Lakshmi

No comments:

Post a Comment